ജയിലിൽ നിന്നും അച്ചടി വിദ്യ പഠിച്ചയാൾ വ്യാജ കറൻസി നിർമിച്ചതിന് പിടിയിൽ
Monday, March 25, 2024 6:30 AM IST
ഭോപ്പാൽ: ജയിലിൽ നിന്നും അച്ചടി വിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിന് പിടിയിലായി. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം.
ഭൂപേന്ദ്ര സിംഗ് ധാക്കത്ത്(35) എന്നയാളെ കഴിഞ്ഞ ദിവസമാണ് 200 രൂപയുടെ95 വ്യാജ കറൻസികളുമായി പോലീസ് പിടികൂടിയത്. കളർ പ്രിന്റർ, ആറ് മഷി കുപ്പികൾ, കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ഉമേഷ് തിവാരി പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയിൽ കള്ളനോട്ടുകൾ അച്ചടിച്ച് വിപണിയിലേക്ക് ഇറക്കുന്നതായി ഇയാൾ കുറ്റം സമ്മതിച്ചു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്.
2003 ഒക്ടോബറിൽ വിദിഷ, രാജ്ഗഡ്, റെയ്സൻ, ഭോപ്പാൽ, അശോക് നഗർ എന്നീ ജില്ലകളുടെ പരിധിയിൽ നിന്ന് ഇയാളെ ഒരു വർഷത്തേക്ക് പുറത്താക്കിയിരുന്നു.