സിബിഐ റെയ്ഡ്; തെര.കമ്മീഷന് പരാതി നല്കി മഹുവ മൊയ്ത്ര
Sunday, March 24, 2024 4:01 PM IST
കോല്‍ക്കത്ത: ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ട് വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി തൃണമൂല്‍ മുന്‍ എംപിയും കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ മഹുവ മൊയ്ത്ര. അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തുന്ന കടുത്ത നടപടികളാണ് സിബിഐ സ്വീകരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ ഇത്തരം നടപടികള്‍ക്ക് മാര്‍ഗരേഖ വേണമെന്നും മഹുവയുടെ പരാതിയില്‍ പറയുന്നു.
ശനിയാഴ്ചയാണ് മഹുവയുടെ ബംഗാളിലെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കുമെതിരേ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഹിര നന്ദാനി ഗ്രൂപ്പില്‍നിന്ന് കോടികള്‍ കൈപ്പറ്റിയെന്ന കേസിലാണ് മഹുവ അന്വേഷണം നേരിടുന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ മഹുവയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയിരുന്നു.