കലാമണ്ഡലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം മാറ്റി
Saturday, March 23, 2024 1:06 PM IST
തൃശൂർ: ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ഇന്നു വൈകുന്നേരം നടത്താൻ നിശ്ചയിച്ചിരുന്ന ഡോ. ആർഎൽവി രാമകൃഷ്ണന്റെ നൃത്താവതരണം ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് രാമകൃഷ്ണൻ കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും. ഇന്ന് വൈകുന്നേരം ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടി കാരണമാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശങ്ങൾ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് രാമകൃഷ്ണന് കലാമണ്ഡലത്തിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്.
ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.