പുരാവസ്തു തട്ടിപ്പു കേസ്: മോന്‍സനും പരാതിക്കാരും ഹവാല ഇടപാട് നടത്തിയതായി ക്രൈംബ്രാഞ്ച്
Saturday, March 23, 2024 2:02 AM IST
കൊച്ചി: മോന്സൻ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ മോന്‍സനും പരാതിക്കാരും ഹവാല ഇടപാട് നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് മോന്സൻ കൈമാറിയ പണത്തിന്റെ ഉറവിടം കാണിക്കണമെന്നു ചൂണ്ടിക്കാട്ടി പരാതിക്കാര്‍ക്ക് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് മുമ്പാകെ പരാതിക്കാരായ യാക്കൂബും എം.ഡി. ഷമീറും ഹാജരാക്കിയ രേഖകളില്‍ 2.10 കോടി രൂപ മാത്രമാണു ബാങ്ക് ഇടപാടായി നടന്നിട്ടുള്ളതെന്നു വ്യക്തമാക്കിയിട്ടുള്ളത്.
മോന്സന് 10 കോടി രൂപ കൈമാറിയിട്ടുണ്ടെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. ബാക്കിയുള്ള പണത്തിന്റെ ഉറവിടത്തില്‍ വ്യക്തതയില്ല. ഇതോടെയാണ് ഇതു ഹവാല പണമിടപാടാണെന്ന കണ്ടെത്തലിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.
ഈ ഹവാല ഇടപാട് ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് വൈകാതെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരാതിക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള പണത്തിന്റെ രേഖകള്‍ അപൂര്‍ണമാണ്. എന്നാല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയായിരിക്കെ പണത്തിന്റെ ഉറവിടം ബോധിപ്പിക്കാന്‍ വീണ്ടും പരാതിക്കാരെ വിളിപ്പിക്കേണ്ടതില്ലെന്നും അനുബന്ധ കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ചേര്‍ത്തേക്കും.