സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയെന്ന് മുഖ്യമന്ത്രി
Friday, March 22, 2024 9:32 PM IST
കോഴിക്കോട്: മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ കോഴിക്കോട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് ആര്‍എസ്എസ് നിലപാടാണ് ഇതിന് പിന്നിൽ. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്നതാണ് സംഘപരിവാര്‍ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പൗരത്വ ഭേദഗതി വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമാണ്.
എൽഡിഎഫിന്റെ നേതൃത്വത്തിൽ നേരത്തെ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. അനേകകോടി ജനങ്ങൾ ആശങ്കയിലാണ് കഴിയുന്നത്. ഇന്നലെ വരെ ജീവിച്ചത് പോലെ ജീവിക്കാൻ ഇനി കഴിയുമോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്.നിങ്ങൾ ഒറ്റയ്ക്കല്ല, നമ്മൾ ഒപ്പമുണ്ടെന്ന സന്ദേശമാണ് ഇത്തരം പരിപാടികളിലൂടെ നൽകുന്നത്.
പ്രതിപക്ഷത്തെ പോലും ഒന്നിച്ച് ചേർത്താണ് നേരത്തെ പ്രതിഷേധിച്ചത്. എന്നാൽ ചില വ്യത്യസ്തതകൾ പിന്നീട് വന്നു. നേരത്തെ യോജിച്ച ചിലർ യോജിപ്പിന് സന്നദ്ധരല്ലെന്ന് അറിയിച്ചു.
കോൺഗ്രസ് പാർട്ടി പിന്നീട് നിലപാട് മാറ്റിയെന്നും ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.