സത്യഭാമയ്ക്കെതിരേ മുമ്പ് സ്ത്രീധന പീഡനക്കേസും
Friday, March 22, 2024 4:06 PM IST
തിരുവനന്തപുരം: കറുത്ത നിറമുള്ളവർ മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ പാടില്ലെന്ന വർണ വിവേചനപരമായ പരാമർശത്തിലൂടെ വിവാദത്തിലായ കലാമണ്ഡലം സത്യഭാമയ്ക്കെതിരേ മുന്‍പ് സ്ത്രീധന പീഡനക്കേസും.
സത്യഭാമയ്ക്കെതിരേ മുൻ മരുമകൾ നൽകിയ സ്ത്രീധന പീഡനക്കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2022 ൽ കന്റോണ്‍മെന്റ് പോലീസാണ് സത്യഭാമയ്ക്കും മകനുമെതിരേ മരുമകളുടെ പരാതിയിൽ പോലീസ് കേസെടുത്തത്. സ്ത്രീധന പീഡനം, മാനസിക പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയത്.
നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എല്‍.വി. രാമകൃഷ്ണനെതിരേ സത്യഭാമ യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വംശീയ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നിരുന്നു.