അവസാന നിമിഷം സ്ഥാനാര്‍ഥിത്വം റദ്ദായി; ജെഎന്‍യുവില്‍ ഇടതുപക്ഷം പിന്തുണയ്ക്കുന്നത്...
Friday, March 22, 2024 10:55 AM IST
ന്യുഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ബിര്‍സ അംബേദ്കര്‍ ഫസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ഇടതു സംഖ്യം. നേരത്തെ തെരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതുസ്ഥാനാര്‍ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയിരുന്നു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.
പുലര്‍ച്ചെ രണ്ടിനാണ് സ്ഥാനാര്‍ഥിത്വം റദ്ദാക്കി കൊണ്ടുള്ള നോട്ടീസ് തനിക്ക് ലഭിച്ചതെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന സ്വാതി സിംഗ് പറയുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും വീണ്ടും നോമിനേഷന് സമര്‍പ്പിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജെഎന്‍യു തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശൈലേന്ദ്ര കുമാറിന് സ്വാതി കത്ത് നല്കി.
അതേ സമയം, ജെഎന്‍യുവില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. 17 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 7,751 വോട്ടര്‍മാരാണുള്ളത്. സെന്‍ട്രല്‍ പാനലിലേക്ക് 19 സ്ഥാനാര്‍ഥികളും കൗണ്‍സിലര്‍മാരായി 42 സ്ഥാനാര്‍ഥികളും മത്സരിക്കുന്നു.
ഇടതു സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. വോട്ടെടുപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് കാമ്പസ്. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം.