മുരിങ്ങൂരിൽ കണ്ടെത്തിയ അസ്ഥികൂടം നാല്പതു വയസുകാരന്റേത്
Friday, March 22, 2024 2:40 AM IST
മുരിങ്ങൂർ: മുരിങ്ങൂരിൽ കണ്ടെത്തിയ അസ്ഥികൂടം ഏകദേശം നാല്പതു വയസുകാരന്റേതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആഴ്ചകൾക്കുമുമ്പാണ് മേലൂർ റോഡിൽ പാലത്തുഴി പാലത്തിനു സമീപമുള്ള കലുങ്കിനടിയിൽനിന്നു അസ്ഥികൂടം കണ്ടെത്തിയത്.
ദ്രവിച്ചുതുടങ്ങിയ അസ്ഥികൂടം കണ്ടെത്തിയപ്പോൾ രണ്ടുവർഷത്തെ പഴക്കമുണ്ടാകുമെന്നായിരുന്നു നിഗമനം. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഏകദേശം രണ്ടുമാസമാണ് പഴക്കമുള്ളത്. ആരെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനാഫലം ലഭ്യമാകണം.
നീളമുള്ള അസ്ഥികൾക്ക് ഒടിവുകളില്ല. സൂപ്പർ ഇംപോസിഷൻ വഴി അസ്ഥികൂടത്തിന്റെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം അസ്ഥികൂടം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.