ഒക്ടോബർ ഏഴിനുശേഷം ഫ്രാൻസിൽ വിദ്വേഷകുറ്റങ്ങൾ വർധിച്ചു
Thursday, March 21, 2024 3:36 AM IST
പാരീസ്: മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വിദ്വേഷക്കുറ്റങ്ങൾ ഫ്രാൻസിൽ വർധിച്ചതായി സർക്കാരിന്റെ റിപ്പോർട്ട്. 2023 വർഷത്തിൽ 32 ശതമാനം വർധനയാണ് ഇത്തരം സംഭവങ്ങളിലുണ്ടായത്. ഒക്ടോബറിൽ ഗാസ പ്രതിസന്ധി ആരംഭിച്ചശേഷം വിദ്വേഷക്കുറ്റങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് അറിയിച്ചു.
2023ൽ വംശം, ദേശീയത, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 8,500 കുറ്റകൃത്യങ്ങളാണു പോലീസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണത്തിനും തുടർന്ന് ഇസ്രയേലിന്റെ തിരിച്ചടിക്കും പിന്നാലെ വിദ്വേഷക്കുറ്റങ്ങളുടെ നിരക്ക് വർധിച്ചു. 2022 ലെ ഒക്ടോബർ-ഡിസംബർ കാലത്തേക്കാൾ ഇരട്ടിയായിട്ടാണ് വർധിച്ചത്.
അതേസമയം, മതത്തിന്റെ അടിസ്ഥാനത്തിൽ കണക്ക് വേർതിരിച്ചു കാണിച്ചിട്ടില്ല. എന്നാൽ, യഹൂദർക്കെതിരേ ആക്രമണം വലിയ തോതിൽ വർധിച്ചതായി അവരുടെ സംഘടനകൾ പറഞ്ഞു.
ആഫ്രിക്കൻ വംശജർ വലിയ തോതിൽ ആക്രമണത്തിനിരയായെന്ന് കണക്കിൽ പറയുന്നുണ്ട്. 25നും 54നും ഇടയിലുള്ള പുരുഷന്മാരാണ് കൂടുതലായും ആക്രമിക്കപ്പെട്ടത്. പക്ഷേ, ഇതിൽ നാലു ശതമാനം മാത്രമേ പരാതിപ്പെടാൻ തയാറായുള്ളൂ.