ജോലി വാഗ്ദാനംചെയ്ത് പണം തട്ടി; കലാഭവൻ സോബി ജോർജ് അറസ്റ്റിൽ
Wednesday, March 20, 2024 4:29 PM IST
വയനാട്: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. കൊല്ലത്തുവച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പുല്‍പ്പള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
മൂന്നു വർഷം മുമ്പാണ് വിദേശ രാജ്യത്ത് ജോലി വാഗ്ദാനംചെയ്ത് പുൽപ്പള്ളി സ്വദേശിനിയിൽനിന്ന് മൂന്നു ലക്ഷം രൂപ തട്ടിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയില്‍ ഇരുപത് കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചെക്ക് കേസുകളിലും സോബി പ്രതിയാണ്.
വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ ഇയാള്‍ തട്ടിയതായാണ് നിഗമനം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാറും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സാക്ഷിയാണെന്ന് പറഞ്ഞ് ഇയാൾ രംഗത്തു വന്നിരുന്നു. അപകടം നടന്ന് ഏറെക്കഴിഞ്ഞശേഷം ഈ സ്ഥലത്തുകൂടി സോബി പോയിട്ടുണ്ട്. അല്ലാതെ അപകടത്തിനു സാക്ഷിയല്ല. ഒരു കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ രക്ഷപ്പെടുമ്പോഴാണ് ഇയാള്‍ അപകട സ്ഥലത്ത് എത്തിയതെന്നും ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ പറയുന്നു. സോബി നല്കിയ വിവരങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് സിബിഐ കണ്ടെത്തല്‍. ഇയാൾ കള്ളം പറഞ്ഞിരുന്നതായി നുണപരിശോധനയിലും കണ്ടെത്തിയിരുന്നു.
അതേസമയം, ബാലഭാസ്കര്‍ കേസുമായി ബന്ധപ്പെട്ട് നല്കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും കഴിഞ്ഞദിവസം സിബിഐക്ക് മൊഴി നല്‍കിയതിന്റെ പരിണിതഫലമാണ് നിലവിലെ കേസുകളെന്നും സോബി പ്രതികരിച്ചു. കോടതിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്.