ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ജൂതൻ മതത്തെയും ഇസ്രയേലിനെയും വെറുക്കുന്നു: ട്രംപ്
Wednesday, March 20, 2024 7:37 AM IST
വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ജൂത അമേരിക്കക്കാർ തങ്ങളുടെ മതത്തെയും ഇസ്രായേലിനെയും വെറുക്കുന്നുവെന്ന് യുഎസ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. തന്റെ മുൻ ഉപദേഷ്ടാവ് സെബാസ്റ്റ്യൻ ഗോർക്കയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ഏതൊരു ജൂതനും അവരുടെ മതത്തെ വെറുക്കുന്നു, അവർ ഇസ്രായേലിനെക്കുറിച്ചുള്ള എല്ലാത്തിനെയും വെറുക്കുന്നു, അവർ സ്വയം ലജ്ജിക്കണം. ഡെമോക്രാറ്റ് പാർട്ടി ഇസ്രായേലിനെ വെറുക്കുന്നു'.-ട്രംപ് പറഞ്ഞു.
ട്രംപിന്റെ പരാമർശം വിവാദമായിരിക്കുകയാണ്. ആന്റി ഡിഫമേഷൻ ലീഗ്, അമേരിക്കൻ ജൂത കമ്മിറ്റി, ജൂത ഡെമോക്രാറ്റിക് കൗൺസിൽ ഓഫ് അമേരിക്ക എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ ട്രംപിന്റെ പരാമർശങ്ങളെ അപലപിച്ചു.
മാത്രമല്ല, വിഷയത്തിൽ പ്രതികരണവുമായി വൈറ്റ്ഹൗസും രംഗത്തെത്തി. സഹപൗരന്മാരെ ഭീഷണിപ്പെടുത്തുന്ന വിഷലിപ്തവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് ന്യായീകരണമൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.