ആദ്യഘട്ടം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
Wednesday, March 20, 2024 7:04 AM IST
ന്യൂഡൽഹി: പാർലമെന്റ് തെരഞ്ഞെടുപ്പ് നടപടികൾക്കു തുടക്കമായി ആദ്യഘട്ട വിജ്ഞാപനം ഇന്നുണ്ടാകും. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുമടക്കം 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ സീറ്റുകളിലേക്കാണ് ആദ്യഘട്ടമായ ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് നടക്കുക.
തമിഴ്നാട്- 39, രാജസ്ഥാൻ- 12, ഉത്തർപ്രദേശ്- എട്ട്, മധ്യപ്രദേശ്- ആറ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആസാം- അഞ്ചു വീതം, ബിഹാർ- നാല്, പശ്ചിമ ബംഗാൾ- മൂന്ന്, അരുണാചൽ പ്രദേശ്, മേഘാലയ- രണ്ടു വീതം, ലക്ഷദ്വീപ്, പുതുച്ചേരി, മണിപ്പുർ, ജമ്മു-കാഷ്മീർ, ഛത്തീസ്ഗഡ്, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ-ഒന്നുവീതം എന്നീ സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട മത്സരത്തിന് ഈ മാസം 27 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
കേരളം ഉൾപ്പെടെ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം 28ന് പുറത്തിറക്കും.