ടൊവിനോയ്ക്ക് ഒപ്പം ചിത്രം ; സുനിൽകുമാറിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണം: പരാതിയുമായി എൻഡിഎ
Monday, March 18, 2024 8:41 PM IST
തൃശൂർ: നടൻ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി.എസ്.സുനിൽകുമാറിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി എൻഡിഎ.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരൂപയോഗം ചെയ്തതായും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും ആരോപിച്ചാണ് എൻഡിഎ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.രവികുമാര്‍ ഉപ്പത്ത് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട സുനിൽകുമാർ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡർ ആണെന്നും തന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കരുതെന്നും കാണിച്ച് ടൊവിനോ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതോടെ സുനിൽ കുമാർ ചിത്രം നീക്കം ചെയ്തിരുന്നു.
ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നും സുനിൽ കുമാര്‍ പറഞ്ഞു.