ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിയാൻ ആപ്പ്
Sunday, March 17, 2024 5:41 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് വോട്ടർമാർക്ക് അറിയാൻ മൊബൈൽ ആപ്ലികേഷൻ പുറത്തിറക്കി. നോ യുവർ കാൻഡിഡേറ്റ് (കെവൈസി) എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് അറിയിച്ചത്.
വോട്ടർമാർക്ക് അവരുടെ മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളുടെ ക്രിമിനൽ രേഖകൾ, അവരുടെ സ്വത്തുക്കൾ, ബാധ്യതകൾ എന്നിവയെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്ന് രാജീവ് കുമാർ അറിയിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ നിർത്തുന്ന പാർട്ടികൾ ഈ തീരുമാനത്തിന് പിന്നിലെ യുക്തി വിശദീകരിക്കേണ്ടതുണ്ടെന്നും അവരുടെ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾ ഈ വിവരം മൂന്ന് തവണ ടെലിവിഷനിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയും പരസ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റ് വ്യക്തികൾക്ക് അവസരം നൽകാതെ ഇത്തരം ആളുകളെ സ്ഥാനാർഥികളാക്കുന്നത് എന്തിനാണെന്നും പാർട്ടികൾ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കൂടാതെ ആപ്ലികേഷന്റെ ക്യൂആർ കോഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പങ്കുവച്ചിട്ടുമുണ്ട്.