ഷവർമ കടകളിൽ പരിശോധന: 54 കടകളുടെ പ്രവർത്തനം നിർത്തിവപ്പിച്ചു
Saturday, March 16, 2024 2:30 AM IST
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവർമയുടെ വിൽപ്പന നിർത്തിവയ്പ്പിച്ചു. 88 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. ഇതുകൂടാതെ വേനൽക്കാലം മുൻനിർത്തിയുള്ള പ്രത്യേക പരിശോധനകൾ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ നിർമാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ഷവർമ നിർമാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
ഷവർമ നിർമിക്കുന്നവർ ശാസ്ത്രീയമായ ഷവർമ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണെന്ന് മന്ത്രി അറിയിച്ചു.