കാഹളം മുഴക്കി ശരദ് പവാർ; അജിത് പവാറിന്റെ ഘടികാരങ്ങൾ നിലച്ചു
Friday, March 15, 2024 7:45 AM IST
ന്യൂഡൽഹി: ശരദ് പവാറിന്റെ പേരും ചിത്രവും "ക്ലോക്ക്' ചിഹ്നവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കരുതെന്ന് അജിത് പവാര്‍ വിഭാഗത്തോട് സുപ്രീംകോടതി.
അജിത് പവാര്‍ പക്ഷത്തിന് എന്‍സിപിയുടെ ഔദ്യോഗിക ‘ക്ലോക്ക്’ ചിഹ്നം നല്‍കിയതിനെതിരേ ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം.
നേരത്തെ അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗികവിഭാഗമായി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ക്ലോക്ക് ചിഹ്നം അനുവദിച്ചിരുന്നു. എൻസിപി ശരദ് പവാർ വിഭാഗത്തിന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു.
ശരദ് പവാറിന്റെ പേര് നേരിട്ടോ അല്ലാതെയോ ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന് അജിത് പവാര്‍ പക്ഷത്തോട് കോടതി ആവശ്യപ്പെട്ടു. ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ അജിത് പവാര്‍ വിഭാഗം മറ്റൊരു ചിഹ്നം തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്നും ബെഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് വരുമ്പോൾ നിങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് ആവശ്യമാണ്. തെരഞ്ഞെടുപ്പ് ഇല്ലെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമില്ല. ഇപ്പോൾ നിങ്ങൾക്ക് ഒരു സ്വതന്ത്ര സ്വത്വം ഉള്ളതിനാൽ നിങ്ങൾ അതുമായി മാത്രം മുന്നോട്ട് പോകണമെന്നും അജിത് പവാർ വിഭാഗത്തോട് ബെഞ്ച് വാക്കാൽ പറഞ്ഞു.
രണ്ട് വിഭാഗമായ സ്ഥിതിക്ക് സ്വന്തം ചിത്രങ്ങള്‍ ഉപയോഗിക്കുന്നതല്ലേ നല്ലതെന്ന് അജിത് പവാര്‍ വിഭാഗത്തോട് കോടതി ചോദിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാൻ നിർദേശിച്ച കോടതി ഹർജി മാർച്ച് 18-ലേക്കുമാറ്റി.