ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെലവഴിക്കാൻ പണമില്ലെന്ന് കോൺഗ്രസ്
Thursday, March 14, 2024 8:03 AM IST
കലബുറഗി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെലവഴിക്കാൻ പണമില്ലെന്ന് കോൺഗ്രസ്. ജനങ്ങൾ സംഭാവന നൽകിയ പണം സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മരവിപ്പിച്ചെന്നും പാർട്ടിക്ക് വൻ പിഴ ചുമത്തിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
കോൺഗ്രസ് ഫണ്ട് പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാൻ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കാനും ഖാർഗെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആദായനികുതി വഴി പാർട്ടിക്ക് വൻ തുക പിഴ ചുമത്തുകയും ചെയ്തു. അതേസമയം തങ്ങൾക്ക് ലഭിച്ച ആയിരക്കണക്കിന് കോടി രൂപ വെളിപ്പെടുത്താൻ ബിജെപി തയാറല്ലെന്നും ഖാർഗെ ആരോപിച്ചു.
നിങ്ങൾ സംഭാവനയായി നൽകിയത് പാർട്ടി പണമാണ്. അവർ അത് മരവിപ്പിച്ചു. ഞങ്ങൾക്ക് ചെലവഴിക്കാൻ പണമില്ല.
ബിജെപി തങ്ങൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകളെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. കാരണം അവരുടെ മോഷണം പുറത്തുവരും, അവരുടെ തെറ്റായ പ്രവൃത്തികൾ പുറത്തുവരും. അതിനാൽ അവർ ജൂലൈ വരെ സമയം ചോദിച്ചുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.