ഹൈദരാബാദ് സ്വദേശിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു
Monday, March 11, 2024 3:45 AM IST
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിൽ വച്ച് ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുഞ്ഞുമായി ഹൈദരാബാദിലെത്തിയ യുവാവ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.
ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വീലി ബിന്നിൽ കണ്ടെത്തിയത്. ഇവർ ഭർത്താവിനും മകനുമൊപ്പമാണ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്. യുവതിയുടെ മരണകാരണം വ്യക്തമല്ല.
യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ഉപ്പൽ എംഎൽഎ ബന്ദരി ലക്ഷ്മ റെഡ്ഡി പറഞ്ഞു. വിവരം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ ഓഫീസിനെയും അറിയിച്ചതായി എംഎൽഎ പറഞ്ഞു.
യുവതിയുടെ മാതാപിതാക്കൾ നൽകിയ വിവരമനുസരിച്ച് മരുമകൻ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായും എംഎൽഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.