ബ്രിഡ്ജിന് എന്ത് സുരക്ഷയാണ് ഉണ്ടായിരുന്നതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കണം: സതീശന്
Sunday, March 10, 2024 1:41 PM IST
തിരുവനന്തപുരം: വര്‍ക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തില്‍ ടൂറിസം മന്ത്രി റിയാസിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ബ്രിഡ്ജിന് എന്ത് സുരക്ഷയാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് സതീശന് പ്രതികരിച്ചു.
എത് കമ്പനിയാണ് ബ്രിഡ്ജ് പണിതത്. പണി തീര്‍ന്ന ബ്രിഡ്ജിന് സുരക്ഷ ഉണ്ടോയെന്ന് ഏത് ഏജന്‍സിയാണ് പരിശോധിച്ചത്. ബ്രിഡ്ജുമായി ബന്ധപ്പെട്ട് എന്ത് പരിശോധനയും പഠനവുമാണ് നടത്തിയതെന്ന് മന്ത്രി പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.
വര്‍ക്കലയിലെ അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥയിലെ മാറ്റം അടക്കം ശ്രദ്ധിക്കണമെന്ന് നേരത്തേ നിര്‍ദേശം കൊടുത്തിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം തീരദേശ പരിപാലന ചട്ടങ്ങള്‍ പാലിക്കാതെയാണ് ബ്രിഡ്ജ് നിര്‍മിച്ചതെന്നാണ് റിപ്പോർട്ട്.
കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ(കെസിസെഡ്എംഎ) അനുമതി വാങ്ങാതെയാണ് നിര്‍മാണം നടത്തിയത്. തീരത്തെ ഏത് തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കെസിസെഡ്എംഎയുടെ അനുമതി വേണമെന്നാണ് ചട്ടം. എന്നാല്‍ താത്ക്കാലിക നിര്‍മാണമായതിനാല്‍ അനുമതി വേണ്ടെന്നാണ് ഡിറ്റിപിസിയുടെയും അഡ്വഞ്ചര്‍ ടൂറിസം പ്രമേഷന് സൊസൈറ്റിയുടെയും വാദം.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിച്ചതിലും ഗുരുതര വീഴ്ചയുണ്ടായെന്ന് വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്മാന് കെ.എം.ലാജി പ്രതികരിച്ചു. വേലിയേറ്റ സമയത്ത് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലായിരുന്നു.
ബ്രിഡ്ജിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണ സുരക്ഷ ഉറപ്പാക്കാതെ ഇനി നടത്തിപ്പിന് അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.