നാളെ ബിജെപിയിലേക്ക് വരാൻ സാധ്യതയുള്ളയാളാണ് "മുരളീധരൻ ജി': ശോഭാ സുരേന്ദ്രൻ
Thursday, March 7, 2024 2:36 PM IST
തിരുവനന്തപുരം: നാളെ ബിജെപിയിലേക്ക് വരാൻ സാധ്യതയുള്ള നേതാവാണ് കെ. മുരളീധരനെന്നും മുരളീധരന് ശക്തമായ മറുപടി നൽകണമെന്നുമുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
മറുപടി വേണ്ടന്ന് വയ്ക്കുന്നത് കുറച്ചുകഴിഞ്ഞാൽ അദ്ദേഹത്തെ മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരനെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം, പത്മജയെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് മുരളീധരൻ രംഗത്തെത്തി. പത്മജയുടെ ബിജെപി പ്രവേശം ദൗര്‍ഭാഗ്യകരമെന്നും കോണ്‍ഗ്രസ് എല്ലാക്കാലത്തും പത്മജയ്ക്ക് മുന്തിയ പരിഗണനയാണ് കൊടുത്തിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.
പത്മജയെ വളര്‍ത്തി വലുതാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. വിജയസാധ്യതയുള്ള സീറ്റുകളാണ് എപ്പോഴും നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ചിലര്‍ കാല് വാരാന്‍ നോക്കിയെന്നാണ് ആരോപണം.
ഏതെങ്കിലും ചില വ്യക്തികള്‍ കാലുവാരിയാല്‍ തെരഞ്ഞെടുപ്പില്‍ തോല്ക്കുമോയെന്ന് മുരളീധന് ചോദിച്ചു. പത്മജയെ പാര്‍ട്ടിയില്‍ ചേര്‍ത്തതുകൊണ്ട് കാല്ക്കാശിന്റെ ഗുണം ബിജെപിക്കുണ്ടാകില്ല.
കേരളത്തിൽ എല്ലാ സ്ഥലത്തും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. അതിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
വർഗീയതയോട് ഒരിക്കലും സന്ധി ചെയ്യാതിരുന്ന ആളാണ് കെ.കരുണാകരൻ. അച്ഛന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സങ്കികള്‍ നിരങ്ങാന്‍ തങ്ങള്‍ സമ്മതിക്കില്ല. ഒറ്റക്കെട്ടായി പ്രതിരോധിക്കും.
പത്മജയുമായുള്ള തന്റെ എല്ലാ ബന്ധവും അവസാനിച്ചു. പാർട്ടി പറഞ്ഞാൽ വടകരയിൽ താൻ തന്നെ മത്സരിക്കുമെന്നും മുരളീധരന് പ്രതികരിച്ചു.