ഹൂതി ആക്രമണത്തില്‍ തകർന്ന കപ്പലിൽ നിന്നും ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷപെടുത്തി
Thursday, March 7, 2024 1:57 PM IST
ന്യൂഡൽഹി: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ തകർന്ന കപ്പലിൽ നിന്നും ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷപെടുത്തി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കോൽക്കത്തയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള എംവി ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിൽ നിന്നും 21 ജീവനക്കാരെ രക്ഷപെടുത്തിയത്.
കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിനു വേണ്ടി സര്‍വീസ് നടത്തുകയായിരുന്ന ട്രൂ കോണ്ഫിഡന്സിനു നേരെ രൂക്ഷമായ ആക്രമണമാണ് ഹൂതികൾ നടത്തിയത്. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യെമനിലെ തുറമുഖ നഗരമായ ഏദനിൽ നിന്ന് ഏകദേശം 55 നോട്ടിക്കൽ മൈൽ (101 കിലോമീറ്റർ) തെക്കുപടിഞ്ഞാറ് ബുധനാഴ്ചയാണ് സംഭവം. ഐഎൻഎസ് കോൽക്കത്ത വൈകുന്നേരം 4:45 ന് എത്തിയെന്നും ഹെലികോപ്റ്ററും ബോട്ടുകളും ഉപയോഗിച്ച് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കപ്പലിന്റെ മെഡിക്കൽ ടീമിൽ നിന്ന് അവശ്യ വൈദ്യസഹായം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ വ്യാപാര കപ്പലുകൾക്ക് നേരെ ഹൂതികൾ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.