തൃശൂർ മെഡിക്കൽ കോളജ് രക്തബാങ്കിൽ രക്തം കിട്ടാനില്ല
Wednesday, March 6, 2024 6:19 AM IST
തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രി രക്തബാങ്കില്‍ രൂക്ഷമായ രക്തക്ഷാമം. രക്തം കിട്ടാനായി രോഗികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലയുകയാണ്. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ മുടങ്ങുമെന്നുള്ള ഭയത്താൽ ബന്ധുക്കള്‍ അവരുടെ നാട്ടില്‍നിന്നും രക്തദാതാക്കളെ എത്തിച്ചാണ് രക്തം ലഭ്യമാക്കുന്നത്.
കടുത്ത വേനല്‍ച്ചൂടും കോളജുകളിലും മറ്റ് പ്രഫഷണല്‍ സ്ഥാപനങ്ങളിലും പരീക്ഷാക്കാലമായതുമാണ് രക്ത ക്ഷാമത്തിനു കാരണം. എല്ലാ നെഗറ്റീവ് ഗ്രൂപ്പുകള്‍ക്കും കടുത്ത ക്ഷാമമുണ്ട്.
എ ബി പോസിറ്റീവും എ ബി നെഗറ്റീവും തീരെ ലഭ്യമല്ല. സാധാരണ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന പോസിറ്റീവ് ഗ്രൂപ്പുകള്‍ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് ലാബ് ജീവനക്കാര്‍ പറഞ്ഞു.