കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; ആംബുലൻസ് തടഞ്ഞു
Tuesday, March 5, 2024 5:02 PM IST
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. പാലാട്ട് ഏബ്രഹാം (70) ആണ് മരിച്ചത്.
കക്കയം ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തിൽവച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മോർച്ചറിയിലേക്കു മാറ്റുന്നതിനിടെ ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ജില്ലാ കളക്ടർ സ്ഥലത്ത് എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച കക്കയത്തിന് സമീപം കൂരാച്ചുണ്ടിൽ ജനവാസ മേഖലയിൽ മൂന്നു കാട്ടുപോത്തുകൾ ഇറങ്ങിയിരുന്നതായി നാട്ടുകാർ പറഞ്ഞു.പ്രദേശത്ത് വനംവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെയും നോതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്തിയില്ല.
നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.