മാവോയിസ്റ്റ് കേസ്: പ്രഫ. സായ്ബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി
Tuesday, March 5, 2024 1:08 PM IST
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രഫസര്‍ ജി.എന്‍. സായ്ബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
വിചാരണക്കോടതി വിധിക്കെതിരെ സായ്ബാബ നല്കിയ അപ്പീല്‍ പരിഗണിച്ച് ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിന്റേതാണ് വിധി. സായ്ബാബയ്ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട മറ്റ് അഞ്ചു പ്രതികളുടെ അപ്പീലുകളും ഹൈക്കോടതി അനുവദിച്ചു. ജസ്റ്റീസുമാരായ വിനയ് ജി. ജോഷി, വാല്മീകി എസ്.എ. മെനേസസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെയാണു മഹാരാഷ്ട്ര പോലീസ് സായ്ബാബയെ അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ കോടതിയാണ് 2017 ല്‍ സായ്ബാബയ്ക്കും ഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്ത്തകന് പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോതെ എന്നിവര്‍ക്കും ജീവപര്യന്തം തടവു വിധിച്ചത്. മറ്റൊരുപ്രതി വിജയ് ടിര്‍ക്കിക്ക് 10 വര്‍ഷം തടവും വിധിച്ചു. ഇവരിൽ പാണ്ഡു ഓഗസ്റ്റില്‍ അസുഖബാധിതനായി ജയിലില്‍ മരിച്ചു.
യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതിയുടെ നടപടികളെന്നു വിലയിരുത്തി പ്രതികളെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ഒക്ടോബര്‍ 2022ല്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ മോചനം വൈകുകയായിരുന്നു. വിധി തടഞ്ഞ സുപ്രീംകോടതി വിഷയം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.