സര്‍ക്കാരിന് കനത്ത തിരിച്ചടി; സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
Tuesday, March 5, 2024 12:20 PM IST
ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തതെന്ന് കോടതി പറഞ്ഞു. ഗവര്‍ണര്‍-സര്‍ക്കാര്‍ പ്രശ്നത്തില്‍ ജീവനക്കാരെ ബലിയാടാക്കരുതെന്നും കോടതി വ്യക്തമാക്കി.
സിസ തോമസിനെതിരെയായ അച്ചടക്കനടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റീസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പ്രഥമദൃഷ്ട്യാ തന്നെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ വിശദമായ വാദം കേള്‍ക്കാനോ നോട്ടീസ് അയയ്ക്കാനോ കോടതി തയാറായില്ല.
സാങ്കേതിക സര്‍വകലാശാല വിസി രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് താത്ക്കാലിക വിസിയായി സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതോടെ ഇവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് അടക്കം നല്‍കിയിരുന്നു.
സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചതോടെ ഇവര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ അച്ചടക്കനടപടികള്‍ കോടതി റദ്ദാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.