കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് വരുന്നു; ഉദ്ഘാടനം ബുധനാഴ്ച
Monday, March 4, 2024 6:34 PM IST
കൊച്ചി: കൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. തുടർന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ ഭിന്നശേഷിയുള്ള കുട്ടികളുമായി ആലുവ സ്റ്റേഷനിലേക്ക് സർവീസ് നടത്തും.
ബുധനാഴ്ച തന്നെ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുമെന്നും മെട്രോ അധികൃതർ പറഞ്ഞു. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് നിരക്ക്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽനിന്ന് എസ്എൻ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയാണ് തന്നെ തൃപ്പൂണിത്തുറ വരെയും ഈടാക്കൂ.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ വരെ മെട്രോയിൽ യാത്ര ചെയ്യാമെന്ന് അധികൃതർ പറഞ്ഞു.
രാവിലെ 9.45 മുതൽ കൊച്ചി മെട്രോ ഫേസ് 1-ബി നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ തൃപ്പൂണിത്തുറ സ്റ്റേഷനിൽ ആരംഭിക്കും. ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.