ബാലഗോപാൽ ട്രഷറി രണ്ടു താഴിട്ട് പൂട്ടി; രമേശ് ചെന്നിത്തല
Monday, March 4, 2024 5:34 PM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ട്രഷറി സമ്പൂർണമായി പൂട്ടി. മുഖ്യമന്ത്രി ഒളിവിൽപ്പോയോ എന്ന് സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഗുരുതരമായ അവസ്ഥയുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ചരിത്രത്തിലാദ്യമായാണ് മൂന്നു ദിവസം ശമ്പളം ലഭിക്കാതിരിക്കുന്നത്. എന്നാൽ മന്ത്രിമാർക്കെല്ലാം ശമ്പളം ലഭിച്ചു. മാന്യതയുണ്ടായിരുന്നെങ്കിൽ അവർ അത് വാങ്ങിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യ ചെലവും ധൂർത്തും നികുതി പിരിവില്ലായ്മയുമാണ് ഈ അവസ്ഥയിൽ എത്തിച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന് പറഞ്ഞപ്പോൾ ധനമന്ത്രി എതിർത്തു. ബാലഗോപാൽ രണ്ടു താഴിട്ട് ട്രക്ഷറി പൂട്ടിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ഗുരുതര സാമ്പത്തിക തകർച്ചയിലേക്കാണ് കേരളം പോകുന്നതെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാത്തതിലല്ല മുഖ്യമന്ത്രിക്ക് മരപ്പട്ടി മൂത്രമൊഴിക്കുന്നതിലാണ് ശ്രദ്ധയെന്നും ചെന്നിത്തല പരിഹസിച്ചു.