പോലീസ് മർദനം; ചൊവ്വാഴ്ച കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്
Monday, March 4, 2024 5:04 PM IST
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്യു നടത്തിയ മാർച്ചിലുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്യു പഠിപ്പുമുടക്കും.
കാന്പസുകളിലെ എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്യു മാർച്ച് നടത്തിയത്.
മാർച്ചിൽ പങ്കെടുത്തവരെ പോലീസ് അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
അതേസമയം പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനെ തുടർന്ന് കെഎസ്യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റി.
സെക്രട്ടേറിയേറ്റിനു മുന്നിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.