കാൻസർ ബാധിതനെന്ന് എസ്. സോമനാഥ്
Monday, March 4, 2024 4:44 PM IST
തിരുവനന്തപുരം: അർബുദബാധിതനാണെന്ന് വ്യക്തമാക്കി ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്. ആദിത്യ എൽ-1 വിക്ഷേപണ ദിനത്തിലാണ് കാൻസർ സ്ഥിരീകരിച്ചതെന്ന് സോമനാഥ് പറഞ്ഞു.
വയറ്റിൽ കാൻസർ ബാധിച്ചതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും കീമോതറാപ്പിക്കും വിധേയനായി. കാൻസർ സ്ഥിരീകരിച്ചത് വലിയഞെട്ടലാണ് തനിക്കും കുടുംബത്തിനുമുണ്ടാക്കിയത്. പരിശോധനകൾ തുടർച്ചയായി നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
പൂർണമായ രോഗമുക്തി സാധ്യമാണോ എന്ന് നിശ്ചയമില്ല. എന്നാൽ ചെയർമാനെന്ന നിലയ്ക്ക് ജോലികൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.