പത്തനംതിട്ടയിൽ നിൽക്കാൻ അനുയോജ്യൻ ഞാൻ തന്നെ: അനിൽ ആന്റണി
Monday, March 4, 2024 4:15 PM IST
തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പി.സി.ജോർജ് നടത്തിയ പരാമർശങ്ങളോട് പ്രതികരിച്ച് അനിൽ ആന്റണി. പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയാണ്. ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് പ്രതീക്ഷിച്ചല്ല ബിജെപിയിൽ ചേർന്നത്. ഇതുവരെ തനിക്ക് ലഭിച്ച പദവികളൊന്നും താൻ ആവശ്യപ്പെട്ടിട്ട് കിട്ടിയതല്ല. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. ഇത് തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണെന്നും പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ പറഞ്ഞു.
ഇന്ത്യയ്ക്കൊപ്പം കേരളവും വളരണം. അതിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ താൻ തന്നെയെന്നതില്‍ സംശയമൊന്നുമില്ല. അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പത്തനംതിട്ടയിൽ നിന്നും അനിലും ഉൾപ്പെട്ടിരുന്നു.
പത്തനംതിട്ട മണ്ഡലത്തില്‍ പി.സി. ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മണ്ഡളത്തിലെ ജനങ്ങൾക്ക് അനില്‍ ആന്റണിയെ അറിയില്ലെന്നും കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനിലിന് കേരളവുമായി ഒരു ബന്ധവും ഇല്ലെന്നും സ്ഥാനാർഥിയെ പരിചയപ്പെടുത്തേണ്ട അവസ്ഥ ആണുള്ളതെന്നുമാണ് ജോര്‍ജ് തുറന്നടിച്ചിരുന്നു.