പ്രധാനമന്ത്രിക്കെതിരായ വ്യക്തിയധിക്ഷേപം; "മോദി കാ പരിവാർ' കാമ്പയിൻ ആരംഭിച്ച് ബിജെപി
Monday, March 4, 2024 3:54 PM IST
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ മോദി കാ പരിവാർ കാമ്പയിൻ ആരംഭിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വ്യക്തിയധിക്ഷേപത്തെ തുടർന്നാണ് ബിജെപി നേതാക്കൾ കാമ്പയിൻ ആരംഭിച്ചത്.
പ്രധാനമന്ത്രിക്ക് കുടുംബമോ കുട്ടികളോ ഇല്ല എന്നായിരുന്നു ഞായറാഴ്ച ലാലുപ്രസാദിന്റെ പരാമർശം. ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കമുള്ളവർ പ്രതിഷേധ കാമ്പയിനുമായി രംഗത്തെത്തിയത്.
സമൂഹമാധ്യങ്ങളിലെ പേരുകൾക്കൊപ്പം മോദി കാ പരിവാർ എന്ന് കൂട്ടിച്ചേർത്താണ് പ്രതിഷേധം. എന്നാൽ ഈ രാജ്യമാണ് തന്റെ കുടുംബമെന്നായിരുന്നു വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
എല്ലാ ഇന്ത്യക്കാരും അവർ മോദിയുടെ കുടുംബമാണെന്ന് പറയുന്നു. ആരുമില്ലാത്തവർ പോലും തന്റെ കുടുംബാംഗമാണ്. മോദി അവരോടൊപ്പമുണ്ട്. മോദി അവരുടേതാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ലാലുപ്രസാദിന്റെ പരാമർശം വിവാദമായതോടെ വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി.