ബംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്‍റെ അന്വേഷണം എന്‍ഐഎയ്ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പിച്ചത്.

ഈ മാസം ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. ബ്രൂക് ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന കഫെയില്‍ ഉച്ചയോടെ സ്‌ഫോടനം നടക്കുകയായിരുന്നു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ എട്ടുപേര്‍ക്കും രണ്ടു ജീവനക്കാര്‍ക്കുമാണു പരിക്കേറ്റത്.

തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് ഫോറന്‍സിക് വിഭാഗം പിന്നീട് കണ്ടെത്തിയിരുന്നു. പരിസരത്തെ സിസിടിവി കാമറകളില്‍ നിന്നും ബോംബ് വെച്ചയാള്‍ എന്ന് സംശയിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാൽ കര്‍ണാടക ആഭ്യന്തര വകുപ്പിന് കീഴിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. നാലുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.

ബിസിനസ് കിടമത്സരത്തിലെ പകയാണോ സ്ഫോടനത്തിനു പിന്നിലെന്നും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ഇതിനും മതിയായ തെളിവ് ലഭിച്ചിരുന്നില്ല. ഇതോടെയാണ് കേസ് എന്‍ഐഎക്ക് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.