ശമ്പളം ഇന്നുമുതല്‍ ലഭിക്കും, പണം ഒറ്റയടിക്ക് പിൻവലിക്കാനാവില്ല: ധനമന്ത്രി
Monday, March 4, 2024 12:26 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നുമുതല്‍ ശമ്പളം ലഭിക്കും. രണ്ട് മൂന്ന് ദിവസംകൊണ്ട് എല്ലാവർക്കും ശമ്പളം കൊടുത്ത് തീർക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
എന്നാല്‍ ഇടിഎസ്ബി അക്കൗണ്ടില്‍നിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ട്. ഒറ്റയടിക്ക് 50,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. ശമ്പളത്തിനും പെന്‍ഷനും ഇത് ബാധകമാണെന്നും മന്ത്രി അറിയിച്ചു.
13,608 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാന്‍ സമ്മതിക്കാത്തത് സുപ്രീംകോടതിയില്‍ കേസിന് പോയതുകൊണ്ടാണ്.
ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബാധിക്കും. ശമ്പളവും പെന്‍ഷനും കൊടുത്തതുകൊണ്ട് മാത്രം പ്രശ്നം തീരില്ല.
നിലവില്‍ 14,000 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ആദ്യം 57,400 കോടിയോളം രൂപ കേന്ദ്രം വെട്ടിക്കുറച്ചു എന്നും ധനമന്ത്രി വ്യക്തമാക്കി. ട്രഷറിയില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു.