ബസിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ചു; കണ്ടക്ടര്‍ അറസ്റ്റില്‍
Monday, March 4, 2024 9:26 AM IST
മലപ്പുറം: സ്വകാര്യ ബസിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബ് ആണ് പിടിയിലായത്.
പെരുമ്പിലാവിലെ കോളജിൽ ജേണലിസം പഠിക്കുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചങ്ങരംകുളം പോലീസില്‍ വിദ്യാര്‍ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന ഹാപ്പി ഡേയ്സ് ബസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. എടപ്പാളില്‍ നിന്ന് പെരുമ്പിലാവിലേക്ക് പോകാന്‍ ബസില്‍ കയറിയ വിദ്യാര്‍ഥിനി ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്ക്കാന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു. പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.