കാസർഗോഡ് യുവാവിനെ സഹോദരൻ വെടിവച്ചുകൊന്നു
Monday, March 4, 2024 7:40 AM IST
കാസര്‍ഗോഡ്: സ്വത്ത് സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ സഹോദരന്റെ വെടിയേറ്റ യുവാവ് രക്തം വാര്‍ന്നു മരിച്ചു. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്തിലെ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ (45)ആണ് മരിച്ചത്. സഹോദരൻ ബാലകൃഷ്ണന് നായരെ (60) പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബാലകൃഷ്ണൻ സ്വത്ത് സംബന്ധിച്ച് അശോകനുമായി വാക്ക് തർക്കമുണ്ടായി. ഇതിനിടെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.
ഇടതുകാലിന്റെ തുടയോടടുത്ത ഭാഗത്ത് വെടിയേറ്റ അശോകനെ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുമ്പോള്‍ അശോകന്റെ ഭാര്യ ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവര്‍ സഹായത്തിനായി പലവഴിക്കും ബന്ധപ്പെട്ടെങ്കിലും വാഹനം കിട്ടാന്‍ ഒരു മണിക്കൂറിലേറെ വൈകി. വീണ്ടും ഒരു മണിക്കൂറോളം യാത്ര ചെയ്ത് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ട അശോകന് മക്കളില്ല. ബാലകൃഷ്ണന് നായര്‍ അവിവാഹിതനാണ്.