സർക്കാർ ജീവനക്കാരെയും പെന്‍ഷന്‍കാരെയും പിണറായി പിച്ചച്ചട്ടിയെടുപ്പിക്കും: കെ.സുധാകരൻ
Sunday, March 3, 2024 11:56 PM IST
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലം സർക്കാർ ജീവനക്കാരും പെന്‍ഷന്‍കാരും പിച്ചച്ചട്ടിയെടുക്കേണ്ട ഗതികേടിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി തന്നെ ശമ്പളം നല്കുമ്പോള് സംസ്ഥാനത്തെ അധ്യാപകരെയും പെൻഷൻകാരെയും സർക്കാർ മറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യാതൊരു ദീഘവീക്ഷണവുമില്ലാതെ ഖജനാവിലെ പണം ധൂര്‍ത്തടിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.
ശമ്പളവും പെന്‍ഷനുമായി വിതരണം ചെയ്യുന്ന പണമാണ് പൊതു വിപണിയെ ചലനാത്മകമാക്കുന്നതെന്നു സുധാകരൻ ചൂണ്ടിക്കാട്ടി. ഇത് യഥാസമയം നല്കാന് കഴിയാത്തതിനാല്‍ വിപണിയില്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കും. ഡിഎ കുടിശികയും ശമ്പളപരിഷ്ക്കരണ കുടിശികയും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുള്ളത്.
കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടവരെന്ന നിലയില്‍ വായ്പ എടുത്തു മുന്നോട്ടു പോവുകയാണ് ഭൂരിപക്ഷം ജീവനക്കാരെന്നും സുധാകരന് പറഞ്ഞു. ശന്പളവും പെൻഷനും മുടങ്ങിയതോടെ അന്‍പത് ലക്ഷത്തോളം പേരെയാണ് ഇത് പ്രത്യക്ഷത്തില്‍ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.