പ്രതി രക്ഷപ്പെട്ടത് തലയിൽ മുണ്ടിട്ട് ; അറസ്റ്റിലേക്ക് നയിച്ചത് സിസിടിവി ദൃശ്യങ്ങള്‍
Sunday, March 3, 2024 9:46 PM IST
തിരുവനന്തപുരം : തലസ്ഥാനത്തു നിന്ന് നാടോടി ദന്പതികളുടെ മകളെ തട്ടിക്കൊണ്ട പോയ കേസിൽ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. അറസ്റ്റിലായ ഹസൻകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കുട്ടിയെ റെയിൽവേ സ്റ്റേഷനു സമീപത്ത് ഉപേക്ഷിച്ച ശേഷം പ്രതി തലയിലൂടെ മുണ്ടിട്ട് പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പ്രതി റെയില്‍വേ ട്രാക്ക് വഴിയാണ് രക്ഷപ്പെട്ടതെന്ന് സിറ്റിപോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.
റെയില്‍വേ ട്രാക്ക് വഴി ആനയറയിലെത്തിയ ശേഷം ഇയാൾ വെണ്പലവട്ടത്ത് എത്തി കിടന്നുറങ്ങി. രാവിലെ ബസിൽക്കയറി തമ്പാനൂരിലെത്തി. തമ്പാനൂരിൽ പ്രതി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി.
കൊല്ലം ചിന്നക്കടയിലെ കംഫർട്ട് സ്റ്റേഷനിലെക്ക് വരുമ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സിറ്റിപോലീസ് കമ്മീഷണർ പറഞ്ഞു.ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
വർക്കല അയിരൂർ സ്വദേശിയായ ഹസൻകുട്ടി പോക്സോ കേസ് ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ്. ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി കരയുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് കുട്ടിയെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി.
പ്രതിയെ സ്ഥത്ത് കൊണ്ടുപോയി തെളിവെടുത്താൽ മാത്രമേ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പ്രതി പിടിയിലായെങ്കിലും കൂടുതല്‍ അന്വേഷണത്തില്‍ മാത്രമെ കേസിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
പ്രതിക്കെതിരെ പോക്സോ ചുമത്തുമെന്നും ഇയാൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചെന്നു തെളിഞ്ഞാൽ വധശ്രമക്കുറ്റം ചുമത്തുമെന്നും കമ്മീഷണർ വ്യക്തമാക്കി.