ചൈനയിൽ നിന്നു കറാച്ചിയിലേക്ക് പോയ കപ്പൽ മുംബൈ തുറമുഖത്ത് തടഞ്ഞു
Saturday, March 2, 2024 5:23 PM IST
മുംബൈ: ചൈനയിൽനിന്ന് പാക്കിസ്ഥാൻ തുറമുഖമായ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് നവഷേവാ തുറമുഖത്ത് കപ്പൽ തടഞ്ഞത്.
മിസൈൽ നിര്‍മാണത്തിനുള്ള സാമഗ്രികളാണോ കപ്പലിൽ എന്ന കാര്യം ഡിആർഡിഒ സംഘം പരിശോധിച്ചുവരികയാണ്.
ജനുവരി 23ന് സമാന സാഹചര്യത്തിൽ മാൾട്ടയിൽ നിന്നുള്ള കപ്പലും കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. അന്നു നടത്തിയ പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തിയിരുന്നു.
കംപ്യൂട്ടർ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാക്കിസ്ഥാനിൽ എത്തിക്കുന്നതെന്ന അഭ്യൂഹമുയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മറ്റൊരു കപ്പൽ തടഞ്ഞത്.