സിദ്ധാര്‍ഥന്റെ മരണത്തില്‍ കടുത്ത നടപടിയുമായി ഗവർണർ; സര്‍വകലാശാല വിസിക്ക് സസ്പെൻഷൻ
Saturday, March 2, 2024 12:47 PM IST
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തിൽ കടുത്ത നടപടി സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്.ശശീന്ദ്രനാഥനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തു.
സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. കാമ്പസില്‍വച്ച് വിദ്യാര്‍ഥി മൂന്ന് ദിവസം ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും സര്‍വകലാശാല അധികൃതര്‍ ഇതറിഞ്ഞില്ലെന്ന് പറയുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇതൊരു കൊലപാതകം തന്നെയാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍വകലാശാലയ്ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.
കാമ്പസുകളിലെ ഒരു ഹോസ്റ്റല്‍ എസ്എഫ്ഐയുടെ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ അധ്യാപകര്‍ അടക്കമുള്ളവര്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത വിധം ഇത് എഫ്ഐയുടെ കോട്ടയായി മാറുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്നാണ് കാമ്പസുകളില്‍ എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നതെന്ന് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചെന്നും ഗവർണർ ആരോപിച്ചു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ചില പ്രതികള്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.