സ്ഥാപനത്തിൽ കയറി തോക്ക് ചൂണ്ടി ഭീഷണി; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Saturday, March 2, 2024 4:28 AM IST
ലക്നോ: ഉത്തർപ്രദേശിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കാൺപൂരിന് സമീപമുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് സംഭവം.
2017 ൽ കാൺപൂർ ഗോവിന്ദ് നഗർ സീറ്റിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട അംബുജ് ശുക്ലയാണ് അറസ്റ്റിലായത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. മൂന്ന് പേർക്കൊപ്പമാണ് അംബുജ് കല്യാൺപൂരിൽ സ്ഥിതി ചെയ്യുന്ന അഥർവ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെത്തിയത്.
കമ്പനിയിലെ ഒരു ജീവനക്കാരനാണ് പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അംബുജ് ശുക്ലയും സഹായികളും തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് കണ്ടു. ശുക്ലയെയും സഹായികളെയും കസ്റ്റഡിയിലെടുത്ത് റിവോൾവർ പിടിച്ചെടുത്തുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഭിഷേക് കുമാർ പാണ്ഡെ അറിയിച്ചു.