കാര്യവട്ടം കാന്പസിലെ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്നു സംശയം
Friday, March 1, 2024 8:17 PM IST
തിരുവനന്തപുരം: കാര്യവട്ടം കാന്പസിലെ പഴയ വാട്ടർ ടാങ്കിൽ നിന്നു കണ്ടെത്തിയ അസ്ഥികൂടം വർഷങ്ങൾക്ക് മുന്പ് കാണാതായ തലശേരി സ്വദേശിയായ യുവാവിന്റേതെന്നു സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ പോലീസ് നടപടി തുടങ്ങി.
അസ്ഥികൂടത്തിന്റെ സമീപത്തുനിന്നു കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടെക്നോപാർക്കിലെ ജീവനക്കാരനും തലശേരി സ്വദേശിയുമായ യുവാവിന്റേതാണെന്ന് പോലീസിന് സംശയം ഉണ്ടായത്. തലശേരി മിത്രസദന് എതിർവശം ശ്രീവിലാസിൽ ആനന്ദ് കൃക്ഷ്ണന്റെ മകൻ അവിനാശ് ആനന്ദ് (39) എന്നാണ് ലൈസൻസിലെ വിലാസം. 2011 ൽ എടുത്തതാണ് ഡ്രൈവിംഗ് ലൈസൻസ്.
ഈ വിലാസത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ വർഷങ്ങളായി കാണാനില്ലെന്നു വ്യക്തമായി. അവിനാശിന്റെ മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപ് തലശേരിയിൽ നിന്നും കോഴിക്കോട്ടേക്കും പിന്നീട് ചെന്നൈയിലേക്കു താമസം മാറിയിരുന്നു. 2017 മുതൽ അവിനാശിനെ കാണാനില്ലെന്ന് അച്ഛൻ എഗ്മോർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകാൻ മാതാപിതാക്കളോടു കഴക്കൂട്ടത്തേക്ക് എത്താൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. യുവാവിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചും കഴക്കൂട്ടം പോലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട സംഘം അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
യുവാവ് കാന്പസിന് സമീപം എന്തിനാണ് എത്തിയതെന്നതിനെക്കുറിച്ചും ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്നും അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അസ്ഥികൂടത്തിന് ഏഴ് വർഷക്കാലത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.