മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയായി; കോൺഗ്രസ് 18 സീറ്റിൽ മത്സരിക്കും
Friday, March 1, 2024 4:45 PM IST
മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ച പൂർത്തിയായി. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന വിഭാഗം 20 സീറ്റിലും കോൺഗ്രസ് 18ലും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 10 സീറ്റിലും മത്സരിക്കും.
സഖ്യത്തിലുള്ള വൻചിത് ബഹുജൻ അഘാഡിയെന്ന (വിബിഎ) പ്രാദേശിക പാർട്ടിക്ക് ഉദ്ധവിന്റെ പാർട്ടി രണ്ടു സീറ്റുകൾ വിട്ടുകൊടുക്കും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന രാജു ഷെട്ടിയെ ശരദ് പവാർ പിന്തുണയ്ക്കും. ഉദ്ധവിന്റെ പാർട്ടി മത്സരിക്കുന്ന മുംബൈ മേഖലയിലെ ആറിൽ ഒന്ന് വിബിഎയ്ക്കു നൽകിയേക്കും.
ആകെയുള്ള 48ൽ 39 സീറ്റുകളുടെ കാര്യത്തിൽ നേരത്തേതന്നെ തീരുമാനമായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ ബിജെപിയും 18 സീറ്റുകളിൽ ശിവസേനയും എൻസിപി നാലുസീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചിരുന്നു.