ബുംറ തിരിച്ചെത്തി, രാഹുൽ പുറത്തുതന്നെ; ധരംശാല ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Thursday, February 29, 2024 3:48 PM IST
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനാറംഗ ടീമിൽ പരിക്കേറ്റ കെ.എല്‍. രാഹുല്‍ ഉള്‍പ്പെട്ടില്ല. അതേസമയം, നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. മാർച്ച് ഏഴിന് ധരംശാലയിലാണ് മത്സരം.
വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാര്‍ച്ച് രണ്ടിന് നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ മുംബൈക്കെതിരേ തമിഴ്‌നാടിനുവേണ്ടി അദ്ദേഹം കളിക്കും. ആഭ്യന്തര മത്സരം പൂർത്തിയാക്കിയ ശേഷം, ആവശ്യമെങ്കിൽ അദ്ദേഹം അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ചേരുമെന്നും ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ലണ്ടനിൽ ചികിത്സയിലുള്ള രാഹുലിനെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്. ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും ലണ്ടനിലെ ഡോക്ടർമാരുമായി ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാട്ടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.