സര്‍ക്കാരിന് തിരിച്ചടി; ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചു
Thursday, February 29, 2024 3:37 PM IST
തിരുവനന്തപുരം: ചാന്‍സിലര്‍ ബില്‍ അടക്കം കേരളനിയമസഭ പാസാക്കിയ മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചെന്ന് രാജ്ഭവന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് അയച്ച മൂന്ന് ബില്ലുകളാണ് തടഞ്ഞുവച്ചത്.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കേരളാ സര്‍വകലാശാല ലോ ബില്‍ 2022, സെര്‍ച്ച് കമ്മിറ്റിയുടെ ഘടന മാറ്റുന്ന സര്‍വകലാശാല ഭേദഗതി ബില്‍ 2022, സാങ്കേതിക സര്‍വകലാശാല സംബന്ധിച്ച ഭേദഗതി ബില്‍ എന്നിങ്ങനെ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അനുമതിയില്ലെന്നാണ് രാജ്ഭവന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ഗവർണർ-സർക്കാർ പോര് കനക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന് നേട്ടമായി ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയ വിവരം പുറത്തുവന്നത്. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത് ഗവര്‍ണര്‍ക്ക് വലിയ തിരിച്ചടിയാണെന്ന് നിയമമന്ത്രി അടക്കം പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവച്ചെന്ന വിവരം രാജ്ഭവൻ പുറത്തുവിട്ടത്.
കഴിഞ്ഞ നവംബര്‍ 28ന് ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവര്‍ണര്‍ അയച്ചത്. ഇതിൽ മറ്റ് മൂന്ന് ബില്ലുകളിൽ രാഷ്ട്രപതി തീരുമാനം എടുത്തിട്ടില്ലെന്നും രാജ്ഭവൻ അറിയിച്ചു.