വീൽ ചെയർ നൽകിയില്ല: വയോധികൻ വിമാനത്താവളത്തിൽ മരിച്ചു; എയർ ഇന്ത്യയ്ക്ക് പിഴ
Thursday, February 29, 2024 3:11 PM IST
മുംബൈ: വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വിമാനത്തിൽ നിന്നും ടെർമിനലിലേക്ക് നടന്ന 80കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് പിഴ. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 16ന് നടന്ന സംഭവത്തിൽ 30ലക്ഷം രൂപ പിഴ നൽകാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിച്ചത്.
സംഭവത്തിന് പിന്നാലെ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് പ്രതികരണം പരിശോധിച്ച ശേഷം എയർ ഇന്ത്യ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 30 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
യാത്രക്കാരന്റെ ഭാര്യയ്ക്ക് വീൽചെയർ നൽകിയിരുന്നുവെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാൻ ജീവനക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും എയർലൈൻ ഡിജിസിഎയെ അറിയിച്ചു. എന്നാൽ പകരം ഭാര്യയോടൊപ്പം ടെർമിനലിലേക്ക് നടക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നും എയർഇന്ത്യ അറിയിച്ചു.
എന്നാൽ പരിശോധനയിൽ, വിമാനത്തിൽ അംഗവൈകല്യമുള്ളവരെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്ന മാനദണ്ഡങ്ങൾ എയർ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് ഡിജിസിഎ കണ്ടെത്തി. എയർക്രാഫ്റ്റ് റൂൾസ്, 1937-ൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് എയർ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയത്.