ബിജെപിക്ക് വോട്ട് ചെയ്ത സംഭവം; ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി
Thursday, February 29, 2024 12:13 PM IST
ഷിംല: ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ നടപടി. ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.
കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചു, ബജറ്റ് സമ്മേളനത്തില്‍നിന്ന് മാറിനിന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരെ അയോഗ്യരാക്കിയത്.
കോണ്‍ഗ്രസ് എംഎല്‍എമാർക്ക് പുറമേ മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചതോടെ 34-34 എന്നതായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില. നറുക്കെടുപ്പിലൂടെ ബിജെപി ജയിക്കുകയും ചെയ്തിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ അട്ടിമറിയുടെ തുടര്‍ച്ചയായി അവിശ്വാസപ്രമേയ നോട്ടീസുമായി എത്തിയ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കമുള്ള ബിജെപി എംഎല്‍എമാരെ ബുധനാഴ്ച സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ ബഹളമുണ്ടാക്കിയെന്ന പേരിലായിരുന്നു സസ്പെന്ഷന്.
ആകെ 25 എംഎല്‍എമാരാണ് ഹിമാചലില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെൻഡ് ചെയ്തതോടെ ബിജെപിയുടെ അംഗസംഖ്യ 10 ആയി. ഇതോടെയാണ് നിയമസഭയില്‍ ബജറ്റ് പാസാക്കാനായത്.