വൈദികര്‍ക്കെതിരായ വിവാദ പരാമര്‍ശം; വയനാട് ബിജെപി പ്രസിഡന്റിനെ മാറ്റി
Thursday, February 29, 2024 9:00 AM IST
വയനാട്: പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെതിരേ നടപടി. ഇയാളെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. നിലവിലെ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല.
കുറുവാ ദ്വീപിലെ താത്ക്കാലിക വനംവാച്ചറായിരുന്ന പോളിനെ കാട്ടാന കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പ്രതിഷേധിച്ചവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവാദപരാമര്‍ശം.
സംഭവത്തില്‍ മധുവിനോട് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി.