ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Thursday, February 29, 2024 4:41 AM IST
ന്യൂഡൽഹി: ബിസിനസ് പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഡൽഹിയിലാണ് സംഭവം. ഫെബ്രുവരി 23 മുതൽ കാണാതായ 32കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഹരിയാനയിലെ സോനിപത്തിൽ ജീവനൊടുക്കിയെന്ന് പോലീസ് കണ്ടെത്തി.
ബിസിനസ് പങ്കാളിയായ സോഹൻ ലാലിനൊപ്പം ആരംഭിക്കാനിരുന്ന നരേല പ്ലേസ്കൂളിൽ ബുധനാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 23 ന് ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്ന് പോയ മകൾ തിരിച്ചെത്തിയില്ലെന്ന് ഫെബ്രുവരി 24ന് സ്വതന്ത്ര നഗർ സ്വദേശി വിജയ് കുമാർ നരേല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വിവാഹമോചിതയായ യുവതി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ബിസിനസ് പങ്കാളിയായ സോഹൻ ലാലിനൊപ്പമാണ് മകളെ അവസാനമായി കണ്ടതെന്ന് വിജയ് കുമാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സോഹൻ ലാലിനൊപ്പം നരേലയിൽ ടൈനി ഡ്രീം ബെറി പ്ലേസ്കൂൾ തുടങ്ങാൻ യുവതി പദ്ധതിയിട്ടിരുന്നു. പ്ലേസ്കൂൾ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടരന്വേഷണത്തിൽ ഹരിയാനയിലെ സോനിപത്തിൽ നിന്നും സോഹൻലാലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ കൊല നടത്താനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.