ഗഗൻയാൻ ദൗത്യം 2025-ൽ: എസ്. സോമനാഥ്
Wednesday, February 28, 2024 7:56 PM IST
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025-ൽ ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ആളില്ലാ ദൗത്യം ഈ വർഷം ജൂലൈ മാസത്തോടെയുണ്ടാകും. വിക്ഷേപണത്തിന് മുന്നോടിയായി രണ്ട് ആളില്ലാ ദൗത്യം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഗഗൻയാൻ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം മികച്ച പരിശീലനം ലഭിച്ചവരാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ബഹിരാകാശ സ്റ്റേഷന്റെ ഡിസൈനിംഗിന്റെ പണികൾ അന്തിമഘട്ടത്തിലാണ്. നാസയുമായി സഹകരിച്ചുള്ള ബഹിരാകാശ പദ്ധതികളുടെ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഗഗൻയാൻ മനുഷ്യദൗത്യത്തിൽ പരമാവധി രണ്ട് സഞ്ചാരികൾ ഉണ്ടാകും. ദൗത്യത്തിന് മുന്നോടിയായി ദൗത്യ സംഘത്തിലുള്ള ഒരാൾ ബഹിരാകാശ നിലയം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.