സന്തോഷ് ട്രോഫിയിൽ അരുണാചലിനെ കീഴടക്കി കേരളം
Wednesday, February 28, 2024 4:56 PM IST
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ആതിഥേയരായ അരുണാചൽ പ്രദേശിനെ കീഴടക്കി കേരളം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം.
35-ാം മിനിറ്റില്‍ ഹെഡറിലൂടെ ആഷിഖും 52-ാം മിനിറ്റില്‍ വി. അര്‍ജുനുമാണ് കേരളത്തിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ നാല് കളികളില്‍ നിന്ന് ഏഴ് പോയിന്റോടെ ആസാമിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന കേരളം ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏതാണ്ട് ഉറപ്പാക്കി. അടുത്ത മത്സരത്തിൽ കേരളം സർവീസസിനെ നേരിടും.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ജയം മാറിനിന്ന കേരളത്തിന് ഇന്നത്തെ ജയം ആശ്വാസമായി. രണ്ടാം മത്സരത്തിൽ ഗോവയോട് തോറ്റ കേരളം കഴിഞ്ഞ മത്സരത്തിൽ മേഘാലയയോട് സമനില വഴങ്ങിയിരുന്നു. മേഘാലയയ്ക്കെതിരായ മത്സരത്തിനുള്ള ടീമിൽ നിന്നും നാല് മാറ്റങ്ങളുമായാണ് കേരളം ഇന്നിറങ്ങിയത്.